മംഗളൂരു: ധർമസ്ഥലയിൽ നിരവധി പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരാതിക്കാരൻ ചിന്നയ്യ, നടൻ പ്രകാശ് രാജ് ഉൾപ്പെടെ മൂന്നുപേർക്കെതിരേ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി.
പ്രകാശ് രാജും ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യൂട്യൂബർ സമീർ എന്നിവരും ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ വ്യാജ വെളിപ്പെടുത്തലുമായി രംഗത്തുവന്നതെന്ന് ഹർജിയിൽ പറയുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
ധർമസ്ഥലയിൽ ലൈംഗിക അതിക്രമത്തിനു വിധേയരായി കൊല്ലപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ വിവാദ വെളിപ്പെടുത്തൽ.
കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ ഇയാൾ ചൂണ്ടിക്കാട്ടിയ എല്ലാ ഇടങ്ങളിലും ആഴത്തിൽ മണ്ണുനീക്കി പരിശോധന നടത്തിയെങ്കിലും ആരോപണങ്ങളുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താനായില്ല. ലക്ഷങ്ങൾ ചെലവഴിച്ച് ആഴ്ചകളോളം നടത്തിയ പരിശോധനയ്ക്കൊടുവിൽ ഇയാളുടെ വെളിപ്പെടുത്തലുകൾ വ്യാജമെന്നു തെളിഞ്ഞതോടെ എസ്ഐടി ഇയാളെത്തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു.
ധർമസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധർമാധികാരിക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് 50 ലക്ഷം രൂപയാണ് തനിക്കു വാഗ്ദാനം ചെയ്തിരുന്നതെന്ന് ചിന്നയ്യയുടെ ഹർജിയിൽ പറയുന്നു.
തമിഴ് മാതൃഭാഷയായിട്ടുള്ള തന്നോട് പ്രകാശ് രാജ് നേരിട്ട് തമിഴിൽത്തന്നെ സംസാരിച്ചിരുന്നതായും പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.